Site under construction

Monday, April 4, 2016

ചാവക്കാട്‌ ആര്‍‌ട്‌സ്‌ സയന്‍‌സ്‌ കോളേജ്‌

ചാവക്കാട്‌ കടലോര പ്രദേശത്ത്‌ ഒരു മാതൃകാ സ്ഥാപനം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ സാമൂഹിക സാം‌സ്‌കാരിക പ്രവര്‍ത്തന രം‌ഗത്തുള്ള ചില വ്യക്തികളുടെ കൂട്ടായ്‌മയില്‍ ,ചാവക്കാട്‌ കടലോര പ്രദേശം കേന്ദ്രമാക്കി ഒരു ഉന്നത കലാലയം വേണമെന്ന ആലോചനകള്‍‌ക്ക്‌ ചിറക്‌ മുളച്ചിരുന്നു.അത്തരം സ്ഥാപനങ്ങള്‍‌ക്ക്‌ അനിവാര്യമായും ഉണ്ടാകേണ്ട സ്ഥല ദൗര്‍‌ലഭ്യതയും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്‌തതയും സര്‍വ്വോപരി ഭൂമിയുടെ പൊള്ളും വിലയുമൊക്കെ സ്വപ്‌നങ്ങള്‍‌ക്ക്‌ വിലങ്ങായി നിന്നു.ജീവിത സൗകര്യങ്ങളും സാമ്പത്തിക ഉന്നതിയും വിദ്യാഭ്യാസവുമൊക്കെയുള്ള ഉന്നതരും ഇടത്തടരക്കാരും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഏറെക്കുറെ മുന്നോട്ട്‌ കൊണ്ടുപോകുന്നുവെങ്കിലും താഴെതട്ടിലുള്ളവരുടെ മക്കളുടെ പ്രത്യേകിച്ച്‌ പെണ്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ രം‌ഗത്തെ പിന്നോക്കാവസ്ഥ ഈ പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ അസന്തുലിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്‌.

ചാവക്കാട്‌ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്ന ഒരു സ്ഥാപനമാണെങ്കിലും പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ ഒരു കോളേജ്‌ സ്ഥാപിക്കുന്ന രം‌ഗത്തേയ്‌ക്ക്‌ കാലെടുത്ത്‌ വെച്ചിരിക്കുകയാണ്‌.അതിനുവേണ്ടി ചാവക്കാട്‌ ടൗണില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ ഒരു കോളേജ്‌ സ്ഥാപിക്കാന്‍ പര്യാപ്‌തമായ 5 ഏക്കര്‍ സ്ഥലം കണ്ടെത്തി അത്‌ വാങ്ങാന്‍ കരാര്‍ ചെയ്‌തിരിക്കുന്നു.

കടലോര പ്രദേശ തൊഴിലാളി വിഭാഗത്തിനും നിര്‍‌ധനര്‍‌ക്കും വിദ്യാഭ്യാസത്തിന്‌ പ്രാമുഖ്യം നല്‍‌കിക്കൊണ്ട്‌ സമൂഹത്തിലെ സന്തുലിതത്വം നിലനിര്‍‌ത്താന്‍ പ്രതിജ്ഞാബദ്ധമാണ്‌ ചാവക്കാട്‌ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌.കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാറുകള്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ സ്വകാര്യ വ്യക്തികള്‍‌ക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ദുര്‍‌ബല വിഭാഗങ്ങളില്‍ നിന്ന്‌ അര്‍‌ഹരും സമര്‍ഥരുമായ ഭാവി പൗരന്മാര്‍‌ക്ക്‌ വിദ്യാഭ്യാസം നല്‍‌കി നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കി നാടിന്റെ സമഗ്ര വികസനം സാധിക്കുകയെന്നത്‌ ട്രസ്റ്റിന്റെ വലിയൊരു ലക്ഷ്യമാണെന്ന്‌ ഈയിടെ ദോഹയിലെത്തിയ ചാവക്കാട്‌ എഡുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയും സാമൂഹ്യ പ്രവര്‍‌ത്തകനുമായ എ.വി.ഹം‌സ മാസ്റ്റര്‍ പറയുന്നു.ട്രസ്റ്റിന്റെ ഖത്തറിലെ പ്രതിനിധികളായ ഏതാനും വ്യക്തികളുടെ ക്ഷണ പ്രകാരമാണ്‌ ഹം‌സ മാസ്റ്റര്‍ ഇവിടെ എത്തിയത്‌.ഏതാനും ദിവസങ്ങള്‍ ദോഹയില്‍ തങ്ങുന്ന അദ്ധേഹത്തിന്റെ സാന്നിധ്യത്തില്‍ കോളേജ്‌ സ്ഥാപനവുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍‌ദേശങ്ങള്‍ നല്‍‌കാന്‍ താല്‍‌പര്യമുള്ള വ്യക്തികളുമായി നേരില്‍ സംസാരിക്കാന്‍ വഴിയൊരുക്കുമെന്ന്‌ ഖത്തര്‍ പ്രതിനിധികളായ കെ.വി നൂറുദ്ധീന്‍ ,റഫീഖ്‌ തങ്ങള്‍,അഡ്വ.മുഈനുദ്ധീന്‍ എന്നിവര്‍ പറഞ്ഞു.കോളേജിന്റെ നിര്‍‌ദിഷ്‌ട സ്ഥലത്തിനനുയോജ്യമായ ആധുനിക രീതിയിലും വിഭാവനയിലുമുള്ള ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്‌.

തൃശൂര്‍ ജില്ലയില്‍ ചാരിറ്റി അടിസ്ഥാനത്തിലുള്ള എന്‍.ജി.ഒ യുടെ കീഴില്‍ ഒരു മാതൃകാ പൊതു സ്ഥാപനമായി വളര്‍‌ത്തി കൊണ്ടുവരാനുദ്ധേശിക്കുന്ന ഈ സ്ഥാപനത്തിന്‌ ക്രിയാത്മക നിര്‍ദേശങ്ങള്‍ തേടുന്നതോടൊപ്പം ഏപ്രില്‍ 7 ന്‌ വ്യാഴാഴ്‌ച രാത്രി നടത്താനുദ്ധേശിക്കുന്ന ചര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സഹൃദയരായ സഹോദരന്മാരെയും ക്ഷണിക്കുന്നതായും ഖത്തര്‍ പ്രതിനിധികള്‍ അറിയിച്ചു.

ബന്ധപ്പെടേണ്ടവര്‍ 55852890 കെ.വി നൂറുദ്ധീന്‍,55401736 റഫീഖ്‌ തങ്ങള്‍,33686682 മുഈനുദ്ധീന്‍ 55097571 ഹംസ മാസ്റ്റര്‍